പട്ടാളക്കാരന്‍റെ പട്ടി

"അയ്യോ എന്റ്റുമ്മാ, എന്‍റെ കുണ്ടീന്മേല്‍ പട്ടി കടിച്ചേ!!!!"

വെളുപ്പിനെ പാല് മേടിക്കാന്‍ പോയ റഹീമിന്‍റെ വലിയവായിലുള്ള കരച്ചില്‍ കേട്ടാണ്‌ തന്‍റെ മൊബൈലില്‍ അലാറം വച്ചുറങ്ങിയ സൂര്യഭഗവാന്‍ വരെ ഉണര്‍ന്നത്.

നാട്ടിലെ പ്രമാണിയും, കരക്കാരുടെ കണ്ണിലുണ്ണിയും, സര്‍വ്വോപരി ഭാരതത്തിന്‍റെ അതിര്‍ത്തി കാക്കുന്ന പട്ടാളം രാമേട്ടന്‍റെ വീട്ടില്‍, താന്‍ അതിര്‍ത്തി കാക്കുന്ന ടൈമില്‍ തന്‍റെ വീടിന്‍റെ അതിര്‍ത്തി കാക്കാന്‍ നിയോഗിച്ച പട്ടിയും, നാട്ടിലെ ബീഡി കമ്പനി മൊതലാളി മൊയ്ദീന്‍ക്കുട്ടി ഹാജിയുടെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന മൂത്തമകനും തമ്മിലുണ്ടായ കോണ്ഫ്ലിക്‍്റ്റാണ് സൂര്യഭഗവാന്‍റെയും നാട്ടുകാരുടെയും ഉറക്കത്തിനു ഡിസ്റ്റ്ര്‍ബന്‍സ് ഉണ്ടാക്കിയത്.

എനിവേസ്, ഹാജിയാരുടെ പുതിയ വീടിന്‍റെ പാലുകാച്ചലിനുവേണ്ടി പാല് മേടിക്കാന്‍ പോയ റഹിം, പട്ടാളം രാമേട്ടന്‍റെ വീട്ടില്‍ പണ്ടേ നോക്കിവച്ചിരുന്ന ചാമ്പങ്ങ കണ്ടു കൊതിവിടുകയും, ഗേറ്റ് ചാടിക്കടന്ന കക്ഷി കൃത്യം നിര്‍വഹിക്കുന്ന സമയത്ത് പട്ടി ഓടിവരികയും, പട്ടികടിക്കാന്‍ വന്നാല്‍ മുണ്ട് പൊക്കി വെളിക്കിരിക്കുന്ന പോലെ ഇരുന്നാല്‍ മതി പട്ടി നാണിച്ച് ഓടിപോക്കോളും എന്ന് പണ്ടാരോ പറഞ്ഞു കൊടുത്ത ഐഡിയ ടിയാന്‍ മെംമ്മറിയില്‍നിന്നും ഡൌണ്‍ലോഡ് ചെയ്യുകയും (വാട്ട്‌ ആന്‍ ഐഡിയ സിര്‍ജീ), ഈ ഐഡിയ കേട്ടുകേഴ്വി പോലുമില്ലാത്ത പട്ടി ടിയാന്‍റെ മര്‍മ്മ പ്രധാനമായ സ്ഥലത്ത് കടിച്ചിട്ട്‌, തന്നേ ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്തെന്നുള്ള ആത്മ സംതൃപ്തിയോടെ ഓടി പോയി.

റഹീമിന്‍റെ വലിയവായിലുള്ള കരച്ചിലുകേട്ടോണ്ട് ഓടികൂടിയ ആള്‍ക്കാര്‍ കക്ഷിയെ പൊക്കിയെടുത്തോണ്ട് ഹോസ്പിറ്റലില്‍ എത്തിക്കുകയും, പൊക്കിളിനു ചുറ്റും ഏഴു കുത്തും, ബാക്കി ഏഴെണ്ണം പട്ടി പതിനാലു ദിവസത്തിനകം തട്ടിപോയാല്‍ എടുക്കണമെന്നുള്ള കണ്ടീഷനലില്‍ വീട്ടിലോട്ടു പറഞ്ഞു വിട്ടു.

ടിയാന് ഊണിലും ഉറക്കത്തിലും ഒറ്റ ചിന്ത മാത്രം, പട്ടിയെ എങ്ങനെ കൊല്ലാം? ബട്ട്‌ പതിനാലു ദിവസത്തിനകം പട്ടി തട്ടിപോയാലോ അല്ല ഇനി തല്ലിക്കൊന്നാലോ തന്‍റെ പുക്കിളിനു പണി ഉണ്ടാക്കണ്ട എന്ന് കരുതി, ഗള്‍ഫിലുള്ള കണവന്, താന്‍ അയച്ച കത്തിന്‍റെ മറുപടിക്ക് വേണ്ടി വെയ്റ്റ്‌ ചെയുന്ന വീട്ടമ്മയെ പോലെ ടിയാനും വെയ്റ്റ്‌ ചെയ്തു.

ഒടുവില്‍ കാത്തിരുന്ന പതിനാലു ദിവസവും കഴിഞ്ഞ് പയറുപോലെ നടക്കുന്ന പട്ടിയെ കണ്ട് കലിമൂത്ത റഹിം, പട്ടിയെ കൊല്ലാന്‍ വേണ്ടി ക്വട്ടേഷന്‍ ടീമിനെ ഏര്‍പ്പാട് ചെയ്യുകയും, അവര്‍ പട്ടിയെ വിഷം വച്ച് കൊല്ലാം എന്ന് തീരുമാനിക്കുകയും, പട്ടാളം രാമേട്ടന്‍റെ പറമ്പില്‍ വിഷം വച്ച ബണ്ണ്‍ വിതറുകയും, എക്സ്പയറി ഡേറ്റ് കഴിഞ്ഞ ബണ്ണ്‍ തനിക്കു വേണ്ട എന്ന് പറഞ്ഞ് പട്ടി അതെല്ലാം കൂടെ പട്ടാളത്തിന്‍റെയും നാട്ടുകാരുടെയും കോഴികള്‍ക്ക്‌ കാട്ടികൊടുക്കുകയും, അതെല്ലാം തിന്നു കോഴികള്‍ പരലോകം പൂകുകയും ചെയ്തു.

പഠിച്ച പണി പത്തൊന്‍പതും പയറ്റി നോക്കിയിട്ടും പട്ടി വിഷം വച്ച ഫുഡ്‌ ഒന്നും മൈന്‍ഡ് ചെയുന്നില്ല എന്ന് മനസിലാക്കിയ റഹിം, പട്ടാളം രാമേട്ടന്‍റെ മകനും കൂട്ടുകാരനുമായ കൃഷ്ണനോട് തന്നെ ചോദിച്ച് പട്ടിയുടെ ഫേവറൈറ്റ് ഫുഡ്‌ കാരറ്റ്‌ ഹല്‍വ ആണെന്ന് മനസിലാക്കുകയും, ടിയാന്‍ നിയോഗിച്ച കാലന്മാര്‍ ഹല്‍വായില്‍ തുരിശ് കലക്കി പട്ടിയെകൊണ്ട് തീറ്റിക്കുകയും, അങ്ങനെ പട്ടാളത്തിന്‍റെ പട്ടിയെ തട്ടി പെട്ടിയിലാക്കുകയും ചെയ്തു.

എനിവേസ്, ചത്തത്‌ പട്ടാളത്തിന്‍റെ പട്ടിയെങ്കില്‍ കൊന്നത് കൊന്നത് മറ്റാരുമല്ല എന്ന് മനസിലാക്കിയ പട്ടാളവും നാട്ടുകാരും ഹാജിയാരുടെ വീട്ടില്‍ ചെന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുകയും, ഹാജിയാര്‍ തേങ്ങ വിറ്റ കാശ് എടുത്തു അത് സെറ്റില്‍ ചെയുകയും, തുടര്‍ന്ന് മൂത്ത മകനെ വിളിച്ചു കുനിച്ചു നിര്‍ത്തി കടികൊണ്ടത്തിന്‍റെ അപ്പുറത്തെ സൈഡില്‍ ഠപ്പേ!! ഠപ്പേ!!! എന്ന് നാല് പൊട്ടീരും കൊടുത്ത് മേലില്‍ ഇത് ആവര്‍ത്തിക്കരുത്‌ എന്ന ലാസ്റ്റ് വാണിങ്ങും കൊടുത്ത് പറഞ്ഞുവിട്ടു.

ധനനഷ്ടം, മാനഹാനി, വേദന തുടങ്ങിയ കാര്യങ്ങള്‍ തന്‍റെ വാരഫലത്തില്‍ ഉണ്ടെന്നു റീകളക്റ്റ് ചെയ്ത റഹിം, പട്ടിയെ കൊന്ന സമയത്ത് തനിക്കാ ഐഡിയ പറഞ്ഞ് തന്നവനെ ആയിരുന്നു ആദ്യം കൊല്ലേണ്ടിയിരുന്നതെന്ന് ഓര്‍ത്ത്, ഒരു മാതിരി ഏതാണ്ട് കളഞ്ഞ അണ്ണാനെ പോലെ വീടിന്‍റെ ഉമ്മറത്ത്‌ ഇരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ല, ഇരുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇരുന്നു എന്ന രീതിയില്‍ തനിക്കും തറക്കും വേദനയെടുക്കാത്ത പൊസിഷനില്‍ കുത്തിയിരുന്നു……..

******************************************************************************

വാല്കക്ഷണം: ഇതിലെ കഥാപാത്രങ്ങള്‍ക്കോ, കഥയ്ക്കോ, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ഇനി ജനിക്കാന്‍ ഇരിക്കുന്നവരായിട്ടോ ഏതെങ്കിലും രീതിയില്‍ ബന്ധം ഉണ്ടെങ്കില്‍ അമ്മച്ചിയാണേ സത്യം എന്‍റെ കുഴപ്പം കൊണ്ടല്ല.

ഞങ്ങള്‍ക്കീ സംഭവം പറഞ്ഞ് തന്നത് ഇതിലെ നായകനായ സാക്ഷാല്‍ റഹിം തന്നെയാണ്.

അങ്ങനെ ഒരു പരോള്‍ കാലത്ത്‌

കെട്ടിയവന് പരോള്‍ കിട്ടിയത് പ്രമാണിച്ച് 15 ദിവസം എങ്കില്‍ 15 ദിവസം നാട്ടുകാരെയും വീട്ടുകാരെയും ഒന്ന് ബുദ്ധിമുട്ടിച്ചിട്ടു വരാം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ എത്തിച്ചേരുകയും, തുടര്‍ന്ന് പൊങ്ങിയാല്‍ പൊങ്ങി ഇറങ്ങിയാല്‍ ഇറങ്ങി എന്ന് പറയാന്‍ പറ്റുന്ന നമ്മുടെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഒരു മൂന്ന് സീറ്റ്‌ സംഘടിപ്പിച്ചു ഞങ്ങള്‍ ദാമാമ്മില്‍നിന്നും കൊച്ചിയിലേക്ക് പറന്നു. (വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഒരു കാക്ക മലന്നു പറക്കുന്നത് കണ്ടപ്പോള്‍ ഉണ്ടായ സംശയം എയര്‍ ഇന്ത്യ വിമാനം കറക്റ്റ് ടൈമില്‍ പൊങ്ങിയപ്പോള്‍ മാറിക്കിട്ടി)


പരോള്‍ 15 ദിവസം, അതില്‍ 2 ദിവസം പറക്കല്‍, പ്ലസ്‌ 4 ദിവസം മുടിഞ്ഞ മഴ. ടോട്ടല്‍ ആകെ തെണ്ടാന്‍ കിട്ടിയത് വെറും 9 ദിവസം. എനിവേസ് ജീവനോടെ ഒരു ബ്ലോഗറെ എങ്ങിലും കാണണമെന്നുള്ള എന്‍റെ ഒരു ഇമ്മിണി വല്യ ആഗ്രഹം ഈ പരോള്‍ കാലത്ത് ഞാന്‍ സാധിച്ചെടുത്തു.


കണ്ടു, ഒന്നല്ല രണ്ടെണ്ണത്തിനെ. രണ്ടും കൂട്ടത്തിലെ വളരെ ഫേമസ് ബ്ലോഗിണികള്‍. ഒന്ന് സാക്ഷാല്‍ നേഹ നായര്‍ . രണ്ടാമത്തെ ആള്‍ സാക്ഷാല്‍ സ്നേഹ നായര്‍. രണ്ടും നല്ല തഴക്കവും, ഇരുത്തവും, ജനിച്ചപ്പോഴേ ബ്ലോഗാന്‍ റെഡി ആയിട്ടുള്ളവര്‍, ഇടിവെട്ട് ബ്ലോഗിണികള്‍ (ദേ രണ്ടും പറഞ്ഞപോലെ ഞാന്‍ എഴുതിയിട്ടുണ്ട്. പ്രോമിസ് ചെയ്തപോലെ ഒരു പത്തു ഫേക്ക് പ്രൊഫൈലില്‍ നിന്നും എന്‍റെ ബ്ലോഗിന് കമന്റ്സ് ഇട്ടേക്കണം. കേട്ടല്ലോ?)


അയ്യോ ഞാന്‍ ഫോറസ്റ്റ് കേറിയോ എന്നൊരു സംശയം (സാരമില്ല സഹിച്ചോ). അപ്പോള്‍ പറഞ്ഞു വരുന്നതെന്നാന്നു വച്ചാല്‍, എന്‍റെ അനിയന്‍റെ പെണ്ണുകാണല്‍ ആണ്.


പെണ്ണ് കാണാന്‍ വേണ്ടി പോയ ഞങ്ങള്‍ ഇടയ്ക്കു വച്ച് പുതുപള്ളി പള്ളിയില്‍ നേര്‍ച്ച ഇടാന്‍ വേണ്ടി കേറുകയും, കണവന്‍ പുണ്യാളച്ചന്‍റെ നേര്‍ച്ചപെട്ടിയില്‍ ആദ്യം ഒരു 5 രൂപയും പിന്നെ സെപറേറ്റായി 1 രൂപയും ഇടുന്ന കണ്ടിട്ട്, എന്നാല്‍ പിന്നെ 6 രൂപാ ഒരുമിച്ചിട്ടാല്‍ പോരായിരുന്നോ എന്നുള്ള എന്‍റെ ന്യായമായ ചോദ്യത്തിന് സൈന്റ്റ് ജോര്‍ജ് പുണ്യാളച്ചന്‍ ആ വ്യാളിയെ ദാ ഇപ്പോള്‍ കുത്തും ഇപ്പോള്‍ കുത്തും എന്ന് പറയുന്നതല്ലാതെ കുത്തുന്നില്ല എന്നും, അതെങ്ങാനും രക്ഷപെട്ടുവന്നാല്‍ നമ്മളെ ഒന്നും ചെയ്യാതിരിക്കാന്‍ വേണ്ടി മുന്‍‌കൂര്‍ ജാമ്യം എടുത്തതാണന്നുള്ള അങ്ങേരുടെ മണ്ടന്‍ പ്രസ്താവന കേട്ട് പള്ളിയും പരിസരവും മറന്നു ഞാന്‍ ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി.


ഹവ്വെവര്‍ പെണ്ണിന്‍റെ വീട്ടില്‍ എത്തിയ ഞങ്ങള്‍, അവരുടെ ആദിത്യ മര്യാദാ സ്വീകരിക്കുകയും (ചായകുടി ആന്‍ഡ്‌ ലെഡു തീറ്റി) തുടര്‍ന്ന് പെണ്ണിനേയും ചെറുക്കനേയും അങ്ങോട്ടുമിങ്ങോട്ടും പരിചയപെടാന്‍ വിട്ടുകൊണ്ട് ഞങ്ങള്‍ മഹിളകള്‍ ആഗോള സംഭവങ്ങള്‍ (സീര്യലുകള്‍) ചര്‍ച്ച ചെയ്തോണ്ടിരുന്നു.


ഇത് ഒരുനടക്ക് പോകുന്ന ലക്ഷണം ഒന്നും കാണുന്നില്ല എന്ന് പരിച്ചയപെടല്‍ കഴിഞ്ഞിറങ്ങിയ രണ്ടിന്‍റെയും ചമ്മല്‍ കണ്ടപ്പോഴേ മനസിലായി. എനിവേസ് പെങ്കൊച്ചിന്‍റെ ഒരു ഫോട്ടോ തന്നു വിടണം എന്നുള്ള എന്‍റെ അമ്മായിഅമ്മയുടെ ന്യായമായ ആവശ്യം കേട്ടിട്ട് അയ്യോ പുതിയ ഫോട്ടോ ഒന്നുമില്ല വേണമെങ്ങില്‍ അടുത്ത ദിവസം എടുത്തിട്ട് അയച്ചു തരാം എന്നുള്ള പെണ്ണിന്‍റെ അച്ഛന്‍റെ വണ്ടര്‍ഫുള്‍ സോലൂഷനെക്കാള്‍ നല്ലയൊരു സൊലൂഷന്‍ എന്‍റെ ദുഷ്ടന്‍ ഹസ് കണ്ടുപിടിക്കുകയും, പുതിയ ഫോട്ടോയുടെ ആവശ്യം ഒന്നുമില്ലന്നും ദാ ഇവന്‍ ഒരു കിടിലന്‍ അവാര്‍ഡ്‌ വിന്നിംഗ് ഫോട്ടോഗ്രാഫര്‍ ആണെന്നും അവന്‍ തന്നെ എടുത്തോളുമെന്നും, പാവം അവനെകൊണ്ട് തന്നെ പെങ്കൊച്ചിന്‍റെ ഫോട്ടോയും എടുപ്പിച്ചു ഞങ്ങള്‍ അവിടുന്ന് വിട വാങ്ങി.


പാവം എന്‍റെ അനിയന്‍. കയ്യ്‌ വിറച്ചിട്ടാണോ എന്തോ, എടുത്ത ഫോട്ടോസ് എല്ലാം ഔട്ട്‌ ഓഫ് ഫോക്കസ്. അതോടെ ഫോട്ടോഗ്രാഫര്‍ എന്നുള്ള അവന്‍റെ ജാഡ ഉപേക്ഷിക്കുകയും ഇതുപോലത്തെ ചേട്ടന്മാരെ ആര്‍ക്കും കൊടുക്കല്ലേ ദൈവമേ എന്നും പറഞ്ഞു കാറിന്‍റെ സീറ്റില്‍ വരാനുള്ള നല്ല ഭാവിയും സ്വപ്നം കണ്ടുകിടന്നു.

എന്‍റെ വാള്‍പ്പയറ്റ്‌

സൗദി അറേബ്യയില്‍ ജീവിക്കുന്ന, പ്രതേകിച്ച്‌ എന്നേ പോലെ ജോലിയും കൂലിയും ഇല്ലാത്ത, കെട്ടിയവന്‍റെ പോക്കറ്റ്‌ എങ്ങനെ കാലിആക്കാം എന്ന് റിസര്‍ച്ച് ചെയുന്ന മഹിളകളുടെ ആകെയുള്ള വിനോദം ഷോപ്പിംഗ്‌ ആണെന്നും അതിനു പറ്റിയദിവസം വ്യഴാച്ചയാണെന്നും ഏതു മുട്ടേല്‍ ഇഴയുന്ന കൊച്ചു കുഞ്ഞിനു വരെ അറിയാവുന്ന പരമാര്‍ത്ഥ സത്യം....


എനിവേസ്, കെട്ടിയവന് വെറും 15 ദിവസത്തെ പരോള്‍ കിട്ടിയതു പ്രമാണിച്ച് നാടിലോട്ടു നൈസ് ആയിട്ട് വണ്ടി വിടാം എന്ന് തീരുമാനിക്കുകയും അതിനുള്ള റിസര്‍ച്ചിന് ഞാന്‍ തിരികൊളുത്തുകയും എന്‍റെ എവര്‍ ലൌവിഗ് ഷോപ്പിംഗ്‌ ഹോട്ട് സ്പോട്സ് ആയ ജിആന്ട്, ഹൈപ്പര്‍ പാണ്ട, കാരീ ഫോര്‍ മുതലായ ഷോപ്പിംഗ്‌ മോളുകളില്‍ തെണ്ടിതിരിഞ്ഞു നടക്കുന്ന അവസരത്തില്‍ KFC അപ്പച്ചനെ കാണുകയും അങ്ങേരോട് പണ്ടേയുള്ള ഇഷ്ടം ഒന്നുടെ കൂട്ടുകയും, അന്നത്തെ റിസര്‍ച്ച് അവസാനിപ്പിച്ച് അപ്പച്ചന്‍റെ സീക്രെറ്റ്‌ റെസിപ്പീയില്‍ വറുത്തെടുത്ത കോഴിയേം കൊണ്ട് ഞാനും എന്‍റെ കണവനും വീടുപിടിച്ചു...


കോഴിയുടെ മണം പിടിച്ചു ഞാന്‍ ഇറക്കിയ കൊതിവെള്ളം ഉണ്ടായിരുന്നെങ്ങില്‍ കേരളത്തിന്‍റെ പവര്‍കട്ടിനു ഒരു പരിഹാരം ആയേനെ.. എനിവേസ് വീട്ടില്‍ എത്തിയ ഞാന്‍ മേക്കപ്പ്‌ പോലും അഴിച്ചു വയ്ക്കാതെ അമേരിക്ക ഇറാക്കിനോട് അല്ലെങ്ങില്‍ പാക്കിസ്ഥാന്‍ ഇന്ത്യയില്‍ നടത്തിയ മുംബയ്‌ മോഡല്‍ അറ്റാക്കിനേക്കാള്‍ ഭീകരമായി ആ കോഴിയെ നിഷ്കരണം തലങ്ങും വിലങ്ങും കടിച്ചു പറിച്ചു ഒരു വഴിആക്കി. (എന്‍റെ തീറ്റി കണ്ടിരുന്നെങ്ങില്‍ ഗ്രഹണിപിടിച്ച പിള്ളാരുടെ ദുഷ്പേര് പോയേനെ.....) എന്‍റെ പ്ലേറ്റ് നക്കി വെടുപ്പാക്കി കെട്ടിയവന്‍റെ പ്ലേറ്റില്‍ നിന്നും ഒരു മുട്ടന്‍ പീസ് അടിച്ചുമാറ്റുകയും തുടര്‍ന്ന് നല്ലൊരു ഏമ്പക്കം ഹൈ വോള്യത്തില്‍ വിട്ടുകൊണ്ട് മലമ്പാമ്പ് ഇരവിഴുങ്ങിയിട്ടു സീരിയല്‍ കാണുന്നപോലെ ഞാനും സീരിയലിന്‍റെ മുന്നില്‍ ഇരുന്നു....


ഒരു പത്തുമിനിട്ട്‌ കഴിഞ്ഞുകാണും വയറ്റില്‍ കിടക്കുന്ന കോഴികള്‍ക്ക്‌ ഒരു ചെറിയ അനക്കം വച്ചോ എന്നൊരു സംശയം. ഇല്ല അത് വെറും സംശയം മാത്രമാണെന്ന് മനസുപറയുന്നതിനുമുന്‍പ് തന്നെ ദാ കിടക്കുന്നു കോഴിയും കോഴിയുടെ ഫുള്‍ ഫാമിലിയും കൂട്ടത്തില്‍ അതിനു ഉച്ചക്ക് തിന്നാന്‍ കൊടുത്ത ചോറും പരിപ്പുകറിയും. പിന്നെ അവിടുന്ന് ഒരു ഓട്ടം അല്ലായിരുന്നോ ബാത്രൂമിലോട്ടു. ടിപ്പു സുല്‍ത്താന്‍റെ കയ്യില്‍ പോലുമില്ലാത്ത വാളുകളുടെ ഒരു സംസ്ഥാന സമ്മേളനം തന്നെ ഞാന്‍ അവിടെ നടത്തി അല്ല പിന്നെ....


ഒടുവില്‍ എന്‍റെ ദയനിയാവസ്ഥ കണ്ടിട്ടോ അല്ലെങ്ങില്‍ എന്‍റെ മൂക്കില്‍ വയ്ക്കാനുള്ള പഞ്ഞിയുടെ ചെലവോര്‍ത്തിട്ടോ എന്തോ, എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ കണവന്‍ തീരുമാനിച്ചു. അവിടെ ചെന്ന് കയ്യിക്കിട്ടു രണ്ടു കുത്തും പിന്നെ വേറെ ചില സ്ഥലത്ത് രണ്ടു കുത്തും അങ്ങനെ ടോട്ടല്‍ നാല് കുത്തുകൊണ്ട് റിലാക്സ് ചെയ്തു കിടക്കുന്ന ടൈമില്‍ നല്ല പരിചയമുള്ള ഒരു കിളിനാദം അത് അവിടുത്തെ തൂപ്പുകാരി പൊന്നമ്മ ചേച്ചിയുടെ ആണെന്നും പുള്ളികാരി പറയുന്നത് മലയാളം നിഘണ്ടുവില്‍ ഇല്ലാത്ത വാക്കുകള്‍ ആണെന്നും എന്‍റെ പാവം ബ്രെയിന്‍ ഡീകോഡ് ചെയ്തെടുത്തു....


മെയില്‍ വാര്‍ഡില്‍ ഒരു മിസരിക്ക്‌ (Egyptian) എന്‍റെ തന്നെ സൂക്കെടാണന്നും അങ്ങേര്‍ക്കു വാളുവയ്ക്കാന്‍ കൊടുത്ത ബക്കറ്റ് മിസ്സ്‌ ആക്കി തറയില്‍ തന്നെ കാര്യം സാധിച്ചെന്നും അത് ക്ലീന്‍ ചെയ്യാന്‍ വന്ന ചേച്ചി മിസറിയെ വിളിച്ച തെറിയാണന്നും, തന്നെ തെറി വിളിച്ചതിനാണോ അല്ല ഇനി പുള്ളിക്കാരിക്ക് വന്ന കഷ്ടപ്പാട് ഓര്‍ത്തിട്ടാണോ എന്തോ, മിസറി ചേച്ചിക്ക് ഒരു അമ്പതു റിയാല്‍ ടിപ്പ് കൊടുത്തിട്ട് പച്ച മലയാളത്തില്‍ 'ചേച്ചി എന്നോട് ക്ഷമിക്കണം അറിയാതെ പറ്റിപോയത' എന്ന് പറയുന്നത് കേട്ടിട്ട് എന്‍റെ ഇല്ലാത്ത ആരോഗ്യം വച്ച് ഞാന്‍ അറിയാതെ ചിരിച്ചുപോയി. പാവം ചേച്ചി, അവരുടെ അപ്പോഴത്തെ മുഖഭാവം വായിച്ചെടുക്കാന്‍ വല്യ പ്രയാസം ഒന്നും ഉണ്ടായില്ല....


എനിവേസ്, വീട്ടില്‍ തിരിച്ചെത്തിയ ഞാന്‍ കട്ടില് പിടിക്കുകയും വാളുകള്‍ ക്ലിയര്‍ ചെയ്യാന്‍ കെട്ടിയവനെ ഏല്‍പ്പിക്കുകയും അങ്ങേരു അത് നല്ല രീതിയില്‍ നിര്‍വഹിക്കും എന്നുള്ള വിശ്വാസത്തില്‍ കിടന്നുറങ്ങിയ ഞാന്‍ പിന്നെ കേള്‍ക്കുന്നത് വേറെ കുറെ വാളുകള്‍ വീണുടയുന്ന സൌണ്ട് ആയിരുന്നു...

അപ്പോള്‍ തന്നെ ഞാന്‍ ഒരു തീരുമാനത്തില്‍ എത്തി...


""നിര്‍ത്തി...... ഇനി മേലാല്‍ ഞാന്‍ ഏമ്പക്കം വിടില്ല!!!!!!...""

ചില്ലിപോറാട്ട (നിങ്ങള്‍ എന്നെ ബ്ലോഗിണി ആക്കി തുടര്‍ച്ച)

"സത്യം പറയടീ ആരാണിതിനുത്തരവാധി?"


"ഇല്ല ഞാന്‍ പറയില്ല. എന്നെ തല്ലി കൊന്നാലും ഞാന്‍ പറയില്ല"

"നിന്നെകൊണ്ട് സത്യം പറയിപ്പിക്കാമോന്നു ഞാന്‍ ഒന്ന് നോക്കട്ടെ"


എന്‍റെകൊച്ചെ സത്യം അങ്ങുപറ... വെറുതെ ആ കാലമാടന്‍റെ കയ്യില്‍ നിന്നും ഇടിമേടിക്കാതെ...


"എടീ നീ എനിക്കുനേരെ കയ്പോക്കുന്നോ???"


എത്തിയോ? ഇന്നെന്ന അച്ചായാ ഇത്ര ലേറ്റ് ആയത്‌?


പണ്ടാരമടങ്ങാന്‍ മുടിഞ്ഞ ട്രാഫിക് ആയിരുന്നു പെണ്ണെ!!!!


എന്‍റെ ബ്ലോഗ് വായിച്ചോ???


ഹും!!!


എന്നിട്ട്?


നീ ആദ്യം പോയി ഒരു കടുപ്പത്തില്‍ ഒരു കാപ്പി കൊണ്ടുവാ...


"എനിക്ക് മാപ്പുതരൂ ശാരീ, മാപ്പ്"


കോപ്പ്!!! മനുഷനെ വട്ടാക്കാന്‍ ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളും!!!

ഇവനെയൊക്കെ എന്റെകയ്യില്‍ കിട്ടിയാലുണ്ടല്ലോ!!!!!!!


ഇന്നാ അച്ചായാ കാപ്പി.. ടീവി എന്തിനാ ഓഫ് ചെയ്തത്.. നല്ല സീരിയല്‍ ആയിരുന്നു.


നല്ല സീരിയല്‍!!!


അല്ല അഭിപ്രായം ഒന്നും പറഞ്ഞില്ല..


കാപ്പിക്ക് കടുപ്പം പോരാ....


പോ അച്ചായാ ഇതൊരുമാതിരി ശ്രീനിവാസന്‍ ഏതാണ്ട് സിനിമായില്‍ പറയുന്നപോലെ പറയാതെ എന്‍റെ ബ്ലോഗ് എങ്ങനെയുണ്ടെന്നു പറ...


ഹും കൊള്ളാം.... പക്ഷെ ഇടയ്ക്കിടയ്ക്ക് ചെണ്ടയാണല്ലോ!!!!


മനസിലായില്ല!!!!


അല്ല.... കൊട്ട് എനിക്കും കമന്റ്സ് നിനക്കും...


അതച്ചായാ ബ്ലോഗിന് ഒരു ഒരു ഒരു.... ശോ നാവിന്റെ തുമ്പില്‍ ഉണ്ടായിരുന്നു എതുവഴി പോയോ?


ഗും???


എടാ മിടുക്കാ ഞാന്‍ വിചാരിച്ചപോലെയല്ല..... അതെ ഒരു ഗും കിട്ടാന്‍ വേണ്ടി ഞാന്‍ അച്ചായനെ ഒന്ന് പൊക്കി പറഞ്ഞതല്ലേ...


ഇക്കണക്കിനു ഞാന്‍ മൂക്കില്‍ പഞ്ഞിയുംവച്ച് പുതിയ കൊട്ടും ഷൂസും ഒക്കെയിട്ട് ചില്ലുകൂട്ടില്‍ കെടന്നാല്‍ അതും നീ ഒരു ഗുമ്മും, നിന്‍റെ ഗുരു വികടന്‍ കൊടുക്കുന്ന പോലെ കട്ടസീരിയസ് എന്ന ടാഗും ചേര്‍ത്ത് എഴുതുമല്ലോ...


അ..ച്ചാ...യോ വെറുതെ കൊതിപ്പിക്കല്ലേ!!!!!!!


എന്തുനല്ല ഭാര്യ. എന്‍റെ കര്‍ത്താവേ ഇതുപോലെ ഒരുസാധനതിനെ എന്‍റെ ബോസ്സിനും കൊടുക്കണേ!!


ആമേന്‍!!!


അല്ല എന്നതാടി ഈ വിശപ്പ്‌??..... ഹോട്ടല്‍??.... തടിയന്‍??... ചില്ലിപോറാട്ട...????


അതച്ചായാ നമ്മുടെ തടിയന് പണ്ട് പറ്റിയ പറ്റില്ലേ??? ലത് അതുതന്നെ!!!


പഷ്ട്ട്!!! എന്നെ നാറ്റിച്ചതുപോലെ അവനെയും നാറ്റിക്കണോ?


അവന്‍റെ തെറി ഞാനല്ലേ കേള്‍ക്കുന്നത്... സാരമില്ല ഞാനതങ്ങു സഹിച്ചു.


തടിയന്‍, എന്‍റെ ബെസ്റ്റ് ഫ്രണ്ട്... എനിക്ക് പിറക്കാതെ പോയ എന്‍റെ സഹോദരന്‍... 5 മുതല്‍ +2 വരെ ഒരു ബെഞ്ചിലിരുന്നു, ഒരു പാത്രത്തില്‍ നിന്നുണ്ട്, ഒരു പായയില്‍ കിടന്നുറങ്ങിയ കൂട്ടുകാരന്‍..


എന്നതാടി നീ എഴുതുന്നത്‌???


ഉയ്യോ!!! സോറി അച്ചായാ... ശെമി....


അല്ലച്ചായാ ക്രിസ്തുന്‍റെ ഇടതുവശത്തുള്ള കള്ളനാണോ അതോ വലതുവശത്തുള്ള കള്ളനാണോ പറുദീസയില്‍ പോയത്?


വലത്...


ശുക്രന്‍!!!! അങ്ങനെ ടീച്ചറിന്‍റെ വലതുവശത്തുള്ള ബെഞ്ചില്‍ ഞാനും ഇടതുവശത്തുള്ള ബെഞ്ചിലവനും, അവന്‍ അവന്‍റെ വീട്ടില്‍ നിന്നും കൊണ്ടുവരുന്ന പുട്ടും ഞാന്‍ എന്‍റെ വീട്ടില്‍ നിന്നും കൊണ്ടുവരുന്ന പുട്ടും കഴിച്ചു പുഴ്ടിപെട്ടു (കൂടുതലും അവനാണ് പുഷ്ടിപെട്ടത്‌), അവന്‍ അവന്‍റെ വീട്ടിലും ഞാന്‍ എന്‍റെ വീട്ടിലും കിടന്നുറങ്ങിയ കൂട്ടുകാരാ...


ഒരിക്കല്‍ നമ്മുടെ കഥാനായകന് അതികഠിനമായ വിശപ്പ്‌... അവന്‍ നമ്മുടെ വളരെ ഫേമസ് ആയ ഹോട്ടല്‍ സുര്യാസിലോട്ടു നാല് കാലും പറിച്ച് ഒറ്റ നടത്തം (ഇനി ഹോട്ടല്‍ ആര്യാസോ അല്ലെങ്ങില്‍ വേറെ എന്തെങ്ങിലും ഹോട്ടലോ എനിക്ക് കാശ് തന്നാല്‍ അവനെ അങ്ങോട്ട്‌ നടത്തുന്നതായിരിക്കും)


സര്‍ കഴിക്കാന്‍ എന്തുവേണം??


ചില്ലിപോറാട്ട!!!


ഡേ മുത്തൂ ഒരു ചില്ലിപോറാട്ട!!!


അഞ്ച്മിനിട്ട് കൂടി അവനു കാത്തിരികേണ്ടി വന്നു...


അവന്‍റെ കഷ്ടകാലത്തിനാണോ അതോ ഞങ്ങളുടെ നല്ല കഷ്ടകാലത്തിനാണോ ഞങ്ങളും അതെ ഹോട്ടലില്‍...


അച്ചായാ ദോണ്ട തടിയന്‍!!!


എങ്കില് ‍വാ നമുക്ക് അവന്‌ കമ്പനി കൊടുക്കാം!!!


അല്ലടീ ഇവിടുത്തെ സര്‍വീസ് വളരെ മോശമാ!!!


അതെന്നാടാ നീ അങ്ങനെ പറഞ്ഞത്???


നോക്കടീ ഒരു ചില്ലിപോറാട്ട പറഞ്ഞിട്ട് മണിക്കൂര്‍ ഒന്നായി ചില്ലി മാത്രമേ വന്നോള്ളൂ!!!! പൊറോട്ട അവന്മാന്‍ പരത്തുവായിരിക്കും!!!


പിന്നെ അവിടെ നടന്നത് എന്‍റെയും ഹസിന്‍റെയും കൂട്ടച്ചിരി..... കൂട്ടത്തില്‍ കാര്യം അറിയാതെ ഞങ്ങളെതന്നെ നോക്കികൊണ്ടിരിക്കുന്ന തടിയനും മറ്റുള്ളവരും.


അവനുപിന്നെ ചില്ലിപോറാട്ട എന്നതാണെന്നും അത് എങ്ങനെയിരിക്കുമെന്നും പറഞ്ഞുകൊടുത്തിട്ടു ഞങ്ങടെ ചില്ലിപോറാട്ടായുടെ ബില്ലും അവനെ കൊണ്ട് കൊടുപ്പിച്ചു ഞങ്ങള്‍ അവിടുന്ന് മുങ്ങി...


അവനെ നാറ്റിച്ചു കഴിഞ്ഞോടി???


കഴിഞ്ഞച്ചായാ... ഒരുത്തനെ നാറ്റിച്ചപ്പോള്‍ എന്തൊരു സമാധാനം!!!


നോക്കട്ടെ!!!


ഇതാനോടി നീ കൊട്ടിഘോഷിച്ച എമണ്ടന്‍ സാധനം!!! ഇതിനൊരു ഗുമ്മില്ലല്ലോ???


നേരാ അച്ചായാ എനിക്കും തോന്നി... ആരുടെയോ കണ്ണുകിട്ടിയതാ!!!


പഷ്ട്ട്!!! കണ്ണുകിട്ടാന്‍ പറ്റിയ ഒരു സാധനം!!!


എടീ നീ ഇങ്ങുവാ നിനക്ക് പറ്റിയ പരുപാടി ഞാന്‍ തരാം!!!


എന്നതാ അച്ചായാ???


ഇന്നാ... ഈ പിച്ചാത്തി പിടി... എന്നിട്ട് ആ ബീന്‍സ് ഒന്ന് അരിഞ്ഞ് വല്ലോ തോരനോ മെഴുക്കുപെരട്ടിയോ വയ്ക്ക്....


ഞാനാരാ മോള്!!! വാചകം മാത്രം അറിയാവുന്ന ഞാന്‍ ബീന്‍സ് കൊണ്ട് ഒരു ഇടിവെട്ട് മെഴുക്കുപെരട്ടി തന്നെ അങ്ങുവച്ചു. അല്ല പിന്നെ!!!


പക്ഷെ എന്‍റെ സ്നേഹനിധിയായ ദുഷ്ടന്‍ ഹസ്‌ വെറും രണ്ടേ രണ്ടു കുറ്റത്തിന് എന്നെ കൊണ്ടുതന്നെ അത് മുഴുവനും തീറ്റിച്ചു...


കുറ്റം ഒന്ന്:- അരക്കിലോ ബീന്‍സിന് ഞാന്‍ ഇട്ടതു കാല്‍കിലോ ഉപ്പു.


കുറ്റം രണ്ടു:- ചില്ലിപോറാട്ട എങ്ങനെ കുറച്ചും കൂടി ഗുമ്മാക്കം എന്ന ആലോചനയില്‍ മെഴുക്കുപെരട്ടി അടിക്കു പിടിച്ചതിന്....


**********************************************************************************************
ചില്ലിപോറാട്ട എന്നതാന്ന് അറിയാന്‍ മേലാത്തവര്‍ ഈ ലിങ്കില്‍ ക്ലിക്കുക. തടിയന് പറ്റിയ പറ്റ് നിങ്ങള്‍ക്കും പറ്റണ്ടാ


http://dailygirlblog.blogspot.com/2006/09/chilli-paratha-baked-and-broiled.html

നിങ്ങള്‍ എന്നെ ബ്ലോഗിണി ആക്കി

അച്ചായാ, ഏറനാടനെ അറിയുമോ?

എന്ത്? ഏറു കിട്ടിയ മാടനോ? (തികച്ചും ന്യായമായ ഒരു ചോദ്യം)

ഓ അങ്ങേരല്ലച്ചായാ, ഇത് ഏറനാടന്‍, SK Cheruvath ഏറനാടന്‍.. അറിയാമോ?


ഇല്ല.

എങ്കില്‍ പോട്ടെ, കുറുമാനെയോ?

മാഫി!!!!

എന്നാല്‍ വിശാലമനസ്കനെയോ?

പുള്ളിക്കാരന്റെ മോന്തേല്‍ അപ്പോള്‍ വലിയൊരു ചോദ്യഛിന്നവും കൂട്ടത്തില്‍ കര്‍ത്താവേ ഇവള്‍ എന്നെ പറ്റിച്ചോ എന്നാ ഭാവവും....

ആരാടി ഇവരെക്കെ???

അയ്യോ അച്ചായാ ഇവരെക്കെ വളരെ ഫേമസ് ബ്ലോഗികളാ...

ബ്ലോഗി??

അല്ലച്ചായാ, ഈ കവിതകളും കഥകളും പാട്ടും ഒക്കെ എഴുതുന്നവരില്ലേ, അവരെ വിളിക്കുന്ന പുതിയ പേരാണ് ബ്ലോഗി. അവരൊക്കെ എഴുതുന്ന ബ്ലോഗുകള്‍ വായിക്കണം.. ആഹാ എന്താ ശൈലി, എന്താ നര്‍മ്മം...

ഓ ഇപ്പോള്‍ മനസിലായി, സാഹിത്യകാരന്മാര്‍....

ലത് അതുതന്നെ!!!!

അല്ല പെണ്ണേ ഇവര്‍ക്ക് എന്നുകിട്ടി ഈപേര്???

ആ ആര്‍ക്കറിയാം അച്ചായാ. ഏതായാലും അവരൊക്കെ എന്റെ ഗുരുക്കന്മാരാ !!!


പിന്നേയും ഹസിന്റെ മോന്തേമേല്‍ അതേ ചോദ്യഛിന്നവും മറ്റേ ഭാവവും...

മനസിലായില്ല!!!

അല്ലച്ചായാ ഞാനും ഒരു ബ്ലോഗിണി ആകാന്‍ തീരുമാനിച്ചു!!!

പഷ്ട്ട്!!!

ഇപ്പോള്‍ മോന്തേന്നു ചോദ്യഛിന്നവും മറ്റേ ഭാവവും മാറ്റി പകരം അവിടെ നല്ലയൊരു പുഛഭാവം യാതൊരു ടാക്സും കൂടാതെ വളരെ മാന്യമായി അങ്ങേരങ്ങു ഫിറ്റുചെയ്തു.

അല്ലച്ചായാ, അച്ചായന്‍ നോക്കിക്കോ ഞാനും അവരെപോലെ വെടികെട്ടു ബ്ലോഗുകളെഴുതി പത്തന്‍പത് കമെന്റ്സും ഒക്കെ ഒപ്പിച്ചു ഒന്ന് കലക്കാന്‍ പോകുകയാ!!!

കലക്കുന്നതൊക്കെകൊള്ളാം വയ്കിട്ടു വല്ലതും വയറ്റിലോട്ടു ബ്ലോഗാന്‍ തന്നില്ലങ്ങില്‍ നിന്റെ ബ്ലോഗ് ഞാന്‍ ഇടിച്ചു കലക്കും.

എന്റെ കര്‍ത്താവേ എത്രനല്ല ചെറുക്കന്മാരുടെ ആലോചനവന്നതാ... അവരെക്കാട്ടില്‍ കുറച്ചു ഗ്ലാമര്‍ കൂടുതലും, നല്ല ജോലിയും, നല്ല സ്വോഭാവവും നോക്കി പോയതാ എന്റെ കുറ്റം. സാഹിത്യം അടുത്തൂടെ പോയാല്‍ അതിനെ ഓടിച്ചിട്ടുപിടിച്ച്‌ തല്ലി നടുവൊടിച്ചു മേലില്‍ എന്റെമുന്പില്‍ വന്നുപോകല്ല് എന്ന്പറഞ്ഞു വിടുന്ന ഒരുത്തനെആണല്ലോ എനിക്കുകിട്ടിയതു.

അതേടി!!! എനിക്ക് സാഹിത്യബോധം തീരയില്ല!!!

സാഹിത്യം കട്ട് ചെയ്‌താല്‍ ബാക്കിയുള്ള സാധനവും നിങ്ങള്ക്ക് തീരെയില്ലല്ലോ..

അതിനുമറുപടിയൊന്നും പറയാതെ മോന്തെമേലുള്ള പഴയ പുഛഭാവവും കൂട്ടത്തില്‍ കുറച്ചു ദേശ്യഭാവവും കൂട്ടികലര്‍ത്തി മോന്തേം വീര്‍പ്പിച്ചുകൊണ്ട് ഒറ്റപോക്ക്.

ഓ രക്ഷപെട്ടു. ഇനി സ്വോസ്ത്മായിട്ടോന്നു ബ്ലോഗാം!!!
എന്റെ കര്‍ത്താവേ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങിയിട്ട് ഒരു മണിക്കൂര്‍ ആയി. ഒന്നും കത്തുന്നില്ലല്ലോ!!!

നാട്ടുകാരെയും ഹസിനെയും ഒന്ന് ഇമ്പ്രേസ്സ്ചെയ്യാം എന്നുവച്ചിട്ട്‌ ഒന്നും നടക്കുന്നില്ലല്ലോ എന്റെ കുരുശുപള്ളി മുത്തപ്പാ. വിശന്നിട്ടാനെങ്ങില്‍ പണ്ടാരമടങ്ങുന്നു...

വിശപ്പ്‌..... ഹോട്ടല്‍.... തടിയന്‍... ചില്ലിപോറാട്ട...
യുറേക്കാ!!!!!!!

എന്നാടി എന്നാപറ്റി???

എന്ത്??

അല്ല നീ എന്തിനാ കിടന്നു കാറിയത്?

അല്ലച്ചായാ എന്റെ ബ്ലോഗിന് പറ്റിയ ഒരു സാധനം എന്റെ വയറു തന്നെ എനിക്ക് കാണിച്ചു തന്നു..

പണ്ടാരമടങ്ങാന്‍!!! നീയും നിന്റെ ഒരു ബ്ലോഗും!!! മനുഷന്‍ ഇവിടെ ജോലിയും കഴിഞ്ഞു മനസമാധാനമായി ഒന്ന് കുട്ടിക്കാനം വരെ പോകാം എന്നുവച്ചാല്‍ സമ്മതിക്കുകേല അല്ലെ? ശോ കുട്ടിക്കാനത്തെ കേറ്റം ഫസ്റ്റ് ഗിയര്‍ ഇട്ടു അടുത്തത് മാറ്റാന്‍ തുടങ്ങിയപ്പോഴാ അവളുടെ ഒരു അമറല്‍!!!

ഏതായാലും അച്ചായന്റെ ഉറക്കം പോയില്ലേ??? എങ്കില്‍ ആ ഉള്ളി ഒന്ന് അരിയാമോ?

എങ്ങനെ?

അല്ലച്ചായാ ഉള്ളി.....

പോടീ @^#%&@%#@ @&@^&@^* @@^&@ മോളെ!!!!!!!!

പുതിയതാണന്നു തോന്നുന്നു... എഴുതി എടുത്തേക്കാം... എന്നെങ്ങിലും തിരിച്ചു കൊടുക്കാം...

ശോ ആ വന്ന സാധനം എതുവഴിപോയോ???

ഇല്ല എങ്ങും പോയില്ല ദോണ്ടേ കിടക്കുന്നു...

വിശപ്പ്‌..... ഹോട്ടല്‍.... തടിയന്‍... ചില്ലിപോറാട്ട...

തുടരും

******************************************************************

ഗുരുക്കന്മാരെ അറിവില്ലാത്ത എന്റെ കേട്ടിയവനോട് പൊറുക്കേണമേ!!!! കൂട്ടത്തില്‍ എന്നോടും. ചോദിക്കാതെയും പറയാതെയും ഗുരുക്കന്മാരാക്കിയത്തിനു...

  • About Me

    My photo
    ഒരു പാവം വീട്ടമ്മ (ചുമ്മാതാ)... കണവന്‍റെയും കുട്ടിയുടെയും കാര്യങ്ങള്‍ നോക്കിനടക്കുന്നു....
    Counter

    Followers

  • chintha.com