കെട്ടിയവന് പരോള്‍ കിട്ടിയത് പ്രമാണിച്ച് 15 ദിവസം എങ്കില്‍ 15 ദിവസം നാട്ടുകാരെയും വീട്ടുകാരെയും ഒന്ന് ബുദ്ധിമുട്ടിച്ചിട്ടു വരാം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ എത്തിച്ചേരുകയും, തുടര്‍ന്ന് പൊങ്ങിയാല്‍ പൊങ്ങി ഇറങ്ങിയാല്‍ ഇറങ്ങി എന്ന് പറയാന്‍ പറ്റുന്ന നമ്മുടെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഒരു മൂന്ന് സീറ്റ് സംഘടിപ്പിച്ചു ഞങ്ങള്‍ ദാമാമ്മില്‍നിന്നും കൊച്ചിയിലേക്ക് പറന്നു. (വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഒരു കാക്ക മലന്നു പറക്കുന്നത് കണ്ടപ്പോള്‍ ഉണ്ടായ സംശയം എയര്‍ ഇന്ത്യ വിമാനം കറക്റ്റ് ടൈമില്‍ പൊങ്ങിയപ്പോള്‍ മാറിക്കിട്ടി)
പരോള്‍ 15 ദിവസം, അതില്‍ 2 ദിവസം പറക്കല്‍, പ്ലസ് 4 ദിവസം മുടിഞ്ഞ മഴ. ടോട്ടല്‍ ആകെ തെണ്ടാന്‍ കിട്ടിയത് വെറും 9 ദിവസം. എനിവേസ് ജീവനോടെ ഒരു ബ്ലോഗറെ എങ്ങിലും കാണണമെന്നുള്ള എന്‍റെ ഒരു ഇമ്മിണി വല്യ ആഗ്രഹം ഈ പരോള്‍ കാലത്ത് ഞാന്‍ സാധിച്ചെടുത്തു.
കണ്ടു, ഒന്നല്ല രണ്ടെണ്ണത്തിനെ. രണ്ടും കൂട്ടത്തിലെ വളരെ ഫേമസ് ബ്ലോഗിണികള്‍. ഒന്ന് സാക്ഷാല്‍ നേഹ നായര്‍ . രണ്ടാമത്തെ ആള്‍ സാക്ഷാല്‍ സ്നേഹ നായര്‍. രണ്ടും നല്ല തഴക്കവും, ഇരുത്തവും, ജനിച്ചപ്പോഴേ ബ്ലോഗാന്‍ റെഡി ആയിട്ടുള്ളവര്‍, ഇടിവെട്ട് ബ്ലോഗിണികള്‍ (ദേ രണ്ടും പറഞ്ഞപോലെ ഞാന്‍ എഴുതിയിട്ടുണ്ട്. പ്രോമിസ് ചെയ്തപോലെ ഒരു പത്തു ഫേക്ക് പ്രൊഫൈലില്‍ നിന്നും എന്‍റെ ബ്ലോഗിന് കമന്റ്സ് ഇട്ടേക്കണം. കേട്ടല്ലോ?)
അയ്യോ ഞാന്‍ ഫോറസ്റ്റ് കേറിയോ എന്നൊരു സംശയം (സാരമില്ല സഹിച്ചോ). അപ്പോള്‍ പറഞ്ഞു വരുന്നതെന്നാന്നു വച്ചാല്‍, എന്‍റെ അനിയന്‍റെ പെണ്ണുകാണല്‍ ആണ്.
പെണ്ണ് കാണാന്‍ വേണ്ടി പോയ ഞങ്ങള്‍ ഇടയ്ക്കു വച്ച് പുതുപള്ളി പള്ളിയില്‍ നേര്‍ച്ച ഇടാന്‍ വേണ്ടി കേറുകയും, കണവന്‍ പുണ്യാളച്ചന്‍റെ നേര്‍ച്ചപെട്ടിയില്‍ ആദ്യം ഒരു 5 രൂപയും പിന്നെ സെപറേറ്റായി 1 രൂപയും ഇടുന്ന കണ്ടിട്ട്, എന്നാല്‍ പിന്നെ 6 രൂപാ ഒരുമിച്ചിട്ടാല്‍ പോരായിരുന്നോ എന്നുള്ള എന്‍റെ ന്യായമായ ചോദ്യത്തിന് സൈന്റ്റ് ജോര്‍ജ് പുണ്യാളച്ചന്‍ ആ വ്യാളിയെ ദാ ഇപ്പോള്‍ കുത്തും ഇപ്പോള്‍ കുത്തും എന്ന് പറയുന്നതല്ലാതെ കുത്തുന്നില്ല എന്നും, അതെങ്ങാനും രക്ഷപെട്ടുവന്നാല്‍ നമ്മളെ ഒന്നും ചെയ്യാതിരിക്കാന്‍ വേണ്ടി മുന്‍കൂര്‍ ജാമ്യം എടുത്തതാണന്നുള്ള അങ്ങേരുടെ മണ്ടന്‍ പ്രസ്താവന കേട്ട് പള്ളിയും പരിസരവും മറന്നു ഞാന്‍ ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി.
ഹവ്വെവര്‍ പെണ്ണിന്‍റെ വീട്ടില്‍ എത്തിയ ഞങ്ങള്‍, അവരുടെ ആദിത്യ മര്യാദാ സ്വീകരിക്കുകയും (ചായകുടി ആന്‍ഡ് ലെഡു തീറ്റി) തുടര്‍ന്ന് പെണ്ണിനേയും ചെറുക്കനേയും അങ്ങോട്ടുമിങ്ങോട്ടും പരിചയപെടാന്‍ വിട്ടുകൊണ്ട് ഞങ്ങള്‍ മഹിളകള്‍ ആഗോള സംഭവങ്ങള്‍ (സീര്യലുകള്‍) ചര്‍ച്ച ചെയ്തോണ്ടിരുന്നു.
ഇത് ഒരുനടക്ക് പോകുന്ന ലക്ഷണം ഒന്നും കാണുന്നില്ല എന്ന് പരിച്ചയപെടല്‍ കഴിഞ്ഞിറങ്ങിയ രണ്ടിന്‍റെയും ചമ്മല്‍ കണ്ടപ്പോഴേ മനസിലായി. എനിവേസ് പെങ്കൊച്ചിന്‍റെ ഒരു ഫോട്ടോ തന്നു വിടണം എന്നുള്ള എന്‍റെ അമ്മായിഅമ്മയുടെ ന്യായമായ ആവശ്യം കേട്ടിട്ട് അയ്യോ പുതിയ ഫോട്ടോ ഒന്നുമില്ല വേണമെങ്ങില്‍ അടുത്ത ദിവസം എടുത്തിട്ട് അയച്ചു തരാം എന്നുള്ള പെണ്ണിന്‍റെ അച്ഛന്‍റെ വണ്ടര്‍ഫുള്‍ സോലൂഷനെക്കാള്‍ നല്ലയൊരു സൊലൂഷന്‍ എന്‍റെ ദുഷ്ടന്‍ ഹസ് കണ്ടുപിടിക്കുകയും, പുതിയ ഫോട്ടോയുടെ ആവശ്യം ഒന്നുമില്ലന്നും ദാ ഇവന്‍ ഒരു കിടിലന്‍ അവാര്‍ഡ് വിന്നിംഗ് ഫോട്ടോഗ്രാഫര്‍ ആണെന്നും അവന്‍ തന്നെ എടുത്തോളുമെന്നും, പാവം അവനെകൊണ്ട് തന്നെ പെങ്കൊച്ചിന്‍റെ ഫോട്ടോയും എടുപ്പിച്ചു ഞങ്ങള്‍ അവിടുന്ന് വിട വാങ്ങി.
പാവം എന്‍റെ അനിയന്‍. കയ്യ് വിറച്ചിട്ടാണോ എന്തോ, എടുത്ത ഫോട്ടോസ് എല്ലാം ഔട്ട് ഓഫ് ഫോക്കസ്. അതോടെ ഫോട്ടോഗ്രാഫര്‍ എന്നുള്ള അവന്‍റെ ജാഡ ഉപേക്ഷിക്കുകയും ഇതുപോലത്തെ ചേട്ടന്മാരെ ആര്‍ക്കും കൊടുക്കല്ലേ ദൈവമേ എന്നും പറഞ്ഞു കാറിന്‍റെ സീറ്റില്‍ വരാനുള്ള നല്ല ഭാവിയും സ്വപ്നം കണ്ടുകിടന്നു.
സൗദി അറേബ്യയില്‍ ജീവിക്കുന്ന, പ്രതേകിച്ച് എന്നേ പോലെ ജോലിയും കൂലിയും ഇല്ലാത്ത, കെട്ടിയവന്‍റെ പോക്കറ്റ് എങ്ങനെ കാലിആക്കാം എന്ന് റിസര്‍ച്ച് ചെയുന്ന മഹിളകളുടെ ആകെയുള്ള വിനോദം ഷോപ്പിംഗ് ആണെന്നും അതിനു പറ്റിയദിവസം വ്യഴാച്ചയാണെന്നും ഏതു മുട്ടേല്‍ ഇഴയുന്ന കൊച്ചു കുഞ്ഞിനു വരെ അറിയാവുന്ന പരമാര്‍ത്ഥ സത്യം....
എനിവേസ്, കെട്ടിയവന് വെറും 15 ദിവസത്തെ പരോള്‍ കിട്ടിയതു പ്രമാണിച്ച് നാടിലോട്ടു നൈസ് ആയിട്ട് വണ്ടി വിടാം എന്ന് തീരുമാനിക്കുകയും അതിനുള്ള റിസര്‍ച്ചിന് ഞാന്‍ തിരികൊളുത്തുകയും എന്‍റെ എവര്‍ ലൌവിഗ് ഷോപ്പിംഗ് ഹോട്ട് സ്പോട്സ് ആയ ജിആന്ട്, ഹൈപ്പര്‍ പാണ്ട, കാരീ ഫോര്‍ മുതലായ ഷോപ്പിംഗ് മോളുകളില്‍ തെണ്ടിതിരിഞ്ഞു നടക്കുന്ന അവസരത്തില്‍ KFC അപ്പച്ചനെ കാണുകയും അങ്ങേരോട് പണ്ടേയുള്ള ഇഷ്ടം ഒന്നുടെ കൂട്ടുകയും, അന്നത്തെ റിസര്‍ച്ച് അവസാനിപ്പിച്ച് അപ്പച്ചന്‍റെ സീക്രെറ്റ് റെസിപ്പീയില്‍ വറുത്തെടുത്ത കോഴിയേം കൊണ്ട് ഞാനും എന്‍റെ കണവനും വീടുപിടിച്ചു...
കോഴിയുടെ മണം പിടിച്ചു ഞാന്‍ ഇറക്കിയ കൊതിവെള്ളം ഉണ്ടായിരുന്നെങ്ങില്‍ കേരളത്തിന്‍റെ പവര്‍കട്ടിനു ഒരു പരിഹാരം ആയേനെ.. എനിവേസ് വീട്ടില്‍ എത്തിയ ഞാന്‍ മേക്കപ്പ് പോലും അഴിച്ചു വയ്ക്കാതെ അമേരിക്ക ഇറാക്കിനോട് അല്ലെങ്ങില്‍ പാക്കിസ്ഥാന്‍ ഇന്ത്യയില്‍ നടത്തിയ മുംബയ് മോഡല്‍ അറ്റാക്കിനേക്കാള്‍ ഭീകരമായി ആ കോഴിയെ നിഷ്കരണം തലങ്ങും വിലങ്ങും കടിച്ചു പറിച്ചു ഒരു വഴിആക്കി. (എന്‍റെ തീറ്റി കണ്ടിരുന്നെങ്ങില്‍ ഗ്രഹണിപിടിച്ച പിള്ളാരുടെ ദുഷ്പേര് പോയേനെ.....) എന്‍റെ പ്ലേറ്റ് നക്കി വെടുപ്പാക്കി കെട്ടിയവന്‍റെ പ്ലേറ്റില്‍ നിന്നും ഒരു മുട്ടന്‍ പീസ് അടിച്ചുമാറ്റുകയും തുടര്‍ന്ന് നല്ലൊരു ഏമ്പക്കം ഹൈ വോള്യത്തില്‍ വിട്ടുകൊണ്ട് മലമ്പാമ്പ് ഇരവിഴുങ്ങിയിട്ടു സീരിയല്‍ കാണുന്നപോലെ ഞാനും സീരിയലിന്‍റെ മുന്നില്‍ ഇരുന്നു....
ഒരു പത്തുമിനിട്ട് കഴിഞ്ഞുകാണും വയറ്റില്‍ കിടക്കുന്ന കോഴികള്‍ക്ക് ഒരു ചെറിയ അനക്കം വച്ചോ എന്നൊരു സംശയം. ഇല്ല അത് വെറും സംശയം മാത്രമാണെന്ന് മനസുപറയുന്നതിനുമുന്‍പ് തന്നെ ദാ കിടക്കുന്നു കോഴിയും കോഴിയുടെ ഫുള്‍ ഫാമിലിയും കൂട്ടത്തില്‍ അതിനു ഉച്ചക്ക് തിന്നാന്‍ കൊടുത്ത ചോറും പരിപ്പുകറിയും. പിന്നെ അവിടുന്ന് ഒരു ഓട്ടം അല്ലായിരുന്നോ ബാത്രൂമിലോട്ടു. ടിപ്പു സുല്‍ത്താന്‍റെ കയ്യില്‍ പോലുമില്ലാത്ത വാളുകളുടെ ഒരു സംസ്ഥാന സമ്മേളനം തന്നെ ഞാന്‍ അവിടെ നടത്തി അല്ല പിന്നെ....
ഒടുവില്‍ എന്‍റെ ദയനിയാവസ്ഥ കണ്ടിട്ടോ അല്ലെങ്ങില്‍ എന്‍റെ മൂക്കില്‍ വയ്ക്കാനുള്ള പഞ്ഞിയുടെ ചെലവോര്‍ത്തിട്ടോ എന്തോ, എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ കണവന്‍ തീരുമാനിച്ചു. അവിടെ ചെന്ന് കയ്യിക്കിട്ടു രണ്ടു കുത്തും പിന്നെ വേറെ ചില സ്ഥലത്ത് രണ്ടു കുത്തും അങ്ങനെ ടോട്ടല്‍ നാല് കുത്തുകൊണ്ട് റിലാക്സ് ചെയ്തു കിടക്കുന്ന ടൈമില്‍ നല്ല പരിചയമുള്ള ഒരു കിളിനാദം അത് അവിടുത്തെ തൂപ്പുകാരി പൊന്നമ്മ ചേച്ചിയുടെ ആണെന്നും പുള്ളികാരി പറയുന്നത് മലയാളം നിഘണ്ടുവില്‍ ഇല്ലാത്ത വാക്കുകള്‍ ആണെന്നും എന്‍റെ പാവം ബ്രെയിന്‍ ഡീകോഡ് ചെയ്തെടുത്തു....
മെയില്‍ വാര്‍ഡില്‍ ഒരു മിസരിക്ക് (Egyptian) എന്‍റെ തന്നെ സൂക്കെടാണന്നും അങ്ങേര്‍ക്കു വാളുവയ്ക്കാന്‍ കൊടുത്ത ബക്കറ്റ് മിസ്സ് ആക്കി തറയില്‍ തന്നെ കാര്യം സാധിച്ചെന്നും അത് ക്ലീന്‍ ചെയ്യാന്‍ വന്ന ചേച്ചി മിസറിയെ വിളിച്ച തെറിയാണന്നും, തന്നെ തെറി വിളിച്ചതിനാണോ അല്ല ഇനി പുള്ളിക്കാരിക്ക് വന്ന കഷ്ടപ്പാട് ഓര്‍ത്തിട്ടാണോ എന്തോ, മിസറി ചേച്ചിക്ക് ഒരു അമ്പതു റിയാല്‍ ടിപ്പ് കൊടുത്തിട്ട് പച്ച മലയാളത്തില്‍ 'ചേച്ചി എന്നോട് ക്ഷമിക്കണം അറിയാതെ പറ്റിപോയത' എന്ന് പറയുന്നത് കേട്ടിട്ട് എന്‍റെ ഇല്ലാത്ത ആരോഗ്യം വച്ച് ഞാന്‍ അറിയാതെ ചിരിച്ചുപോയി. പാവം ചേച്ചി, അവരുടെ അപ്പോഴത്തെ മുഖഭാവം വായിച്ചെടുക്കാന്‍ വല്യ പ്രയാസം ഒന്നും ഉണ്ടായില്ല....
എനിവേസ്, വീട്ടില്‍ തിരിച്ചെത്തിയ ഞാന്‍ കട്ടില് പിടിക്കുകയും വാളുകള്‍ ക്ലിയര്‍ ചെയ്യാന്‍ കെട്ടിയവനെ ഏല്‍പ്പിക്കുകയും അങ്ങേരു അത് നല്ല രീതിയില്‍ നിര്‍വഹിക്കും എന്നുള്ള വിശ്വാസത്തില്‍ കിടന്നുറങ്ങിയ ഞാന്‍ പിന്നെ കേള്‍ക്കുന്നത് വേറെ കുറെ വാളുകള്‍ വീണുടയുന്ന സൌണ്ട് ആയിരുന്നു...
അപ്പോള്‍ തന്നെ ഞാന്‍ ഒരു തീരുമാനത്തില്‍ എത്തി...
""നിര്‍ത്തി...... ഇനി മേലാല്‍ ഞാന്‍ ഏമ്പക്കം വിടില്ല!!!!!!...""