പട്ടാളക്കാരന്‍റെ പട്ടി

"അയ്യോ എന്റ്റുമ്മാ, എന്‍റെ കുണ്ടീന്മേല്‍ പട്ടി കടിച്ചേ!!!!"

വെളുപ്പിനെ പാല് മേടിക്കാന്‍ പോയ റഹീമിന്‍റെ വലിയവായിലുള്ള കരച്ചില്‍ കേട്ടാണ്‌ തന്‍റെ മൊബൈലില്‍ അലാറം വച്ചുറങ്ങിയ സൂര്യഭഗവാന്‍ വരെ ഉണര്‍ന്നത്.

നാട്ടിലെ പ്രമാണിയും, കരക്കാരുടെ കണ്ണിലുണ്ണിയും, സര്‍വ്വോപരി ഭാരതത്തിന്‍റെ അതിര്‍ത്തി കാക്കുന്ന പട്ടാളം രാമേട്ടന്‍റെ വീട്ടില്‍, താന്‍ അതിര്‍ത്തി കാക്കുന്ന ടൈമില്‍ തന്‍റെ വീടിന്‍റെ അതിര്‍ത്തി കാക്കാന്‍ നിയോഗിച്ച പട്ടിയും, നാട്ടിലെ ബീഡി കമ്പനി മൊതലാളി മൊയ്ദീന്‍ക്കുട്ടി ഹാജിയുടെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന മൂത്തമകനും തമ്മിലുണ്ടായ കോണ്ഫ്ലിക്‍്റ്റാണ് സൂര്യഭഗവാന്‍റെയും നാട്ടുകാരുടെയും ഉറക്കത്തിനു ഡിസ്റ്റ്ര്‍ബന്‍സ് ഉണ്ടാക്കിയത്.

എനിവേസ്, ഹാജിയാരുടെ പുതിയ വീടിന്‍റെ പാലുകാച്ചലിനുവേണ്ടി പാല് മേടിക്കാന്‍ പോയ റഹിം, പട്ടാളം രാമേട്ടന്‍റെ വീട്ടില്‍ പണ്ടേ നോക്കിവച്ചിരുന്ന ചാമ്പങ്ങ കണ്ടു കൊതിവിടുകയും, ഗേറ്റ് ചാടിക്കടന്ന കക്ഷി കൃത്യം നിര്‍വഹിക്കുന്ന സമയത്ത് പട്ടി ഓടിവരികയും, പട്ടികടിക്കാന്‍ വന്നാല്‍ മുണ്ട് പൊക്കി വെളിക്കിരിക്കുന്ന പോലെ ഇരുന്നാല്‍ മതി പട്ടി നാണിച്ച് ഓടിപോക്കോളും എന്ന് പണ്ടാരോ പറഞ്ഞു കൊടുത്ത ഐഡിയ ടിയാന്‍ മെംമ്മറിയില്‍നിന്നും ഡൌണ്‍ലോഡ് ചെയ്യുകയും (വാട്ട്‌ ആന്‍ ഐഡിയ സിര്‍ജീ), ഈ ഐഡിയ കേട്ടുകേഴ്വി പോലുമില്ലാത്ത പട്ടി ടിയാന്‍റെ മര്‍മ്മ പ്രധാനമായ സ്ഥലത്ത് കടിച്ചിട്ട്‌, തന്നേ ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്തെന്നുള്ള ആത്മ സംതൃപ്തിയോടെ ഓടി പോയി.

റഹീമിന്‍റെ വലിയവായിലുള്ള കരച്ചിലുകേട്ടോണ്ട് ഓടികൂടിയ ആള്‍ക്കാര്‍ കക്ഷിയെ പൊക്കിയെടുത്തോണ്ട് ഹോസ്പിറ്റലില്‍ എത്തിക്കുകയും, പൊക്കിളിനു ചുറ്റും ഏഴു കുത്തും, ബാക്കി ഏഴെണ്ണം പട്ടി പതിനാലു ദിവസത്തിനകം തട്ടിപോയാല്‍ എടുക്കണമെന്നുള്ള കണ്ടീഷനലില്‍ വീട്ടിലോട്ടു പറഞ്ഞു വിട്ടു.

ടിയാന് ഊണിലും ഉറക്കത്തിലും ഒറ്റ ചിന്ത മാത്രം, പട്ടിയെ എങ്ങനെ കൊല്ലാം? ബട്ട്‌ പതിനാലു ദിവസത്തിനകം പട്ടി തട്ടിപോയാലോ അല്ല ഇനി തല്ലിക്കൊന്നാലോ തന്‍റെ പുക്കിളിനു പണി ഉണ്ടാക്കണ്ട എന്ന് കരുതി, ഗള്‍ഫിലുള്ള കണവന്, താന്‍ അയച്ച കത്തിന്‍റെ മറുപടിക്ക് വേണ്ടി വെയ്റ്റ്‌ ചെയുന്ന വീട്ടമ്മയെ പോലെ ടിയാനും വെയ്റ്റ്‌ ചെയ്തു.

ഒടുവില്‍ കാത്തിരുന്ന പതിനാലു ദിവസവും കഴിഞ്ഞ് പയറുപോലെ നടക്കുന്ന പട്ടിയെ കണ്ട് കലിമൂത്ത റഹിം, പട്ടിയെ കൊല്ലാന്‍ വേണ്ടി ക്വട്ടേഷന്‍ ടീമിനെ ഏര്‍പ്പാട് ചെയ്യുകയും, അവര്‍ പട്ടിയെ വിഷം വച്ച് കൊല്ലാം എന്ന് തീരുമാനിക്കുകയും, പട്ടാളം രാമേട്ടന്‍റെ പറമ്പില്‍ വിഷം വച്ച ബണ്ണ്‍ വിതറുകയും, എക്സ്പയറി ഡേറ്റ് കഴിഞ്ഞ ബണ്ണ്‍ തനിക്കു വേണ്ട എന്ന് പറഞ്ഞ് പട്ടി അതെല്ലാം കൂടെ പട്ടാളത്തിന്‍റെയും നാട്ടുകാരുടെയും കോഴികള്‍ക്ക്‌ കാട്ടികൊടുക്കുകയും, അതെല്ലാം തിന്നു കോഴികള്‍ പരലോകം പൂകുകയും ചെയ്തു.

പഠിച്ച പണി പത്തൊന്‍പതും പയറ്റി നോക്കിയിട്ടും പട്ടി വിഷം വച്ച ഫുഡ്‌ ഒന്നും മൈന്‍ഡ് ചെയുന്നില്ല എന്ന് മനസിലാക്കിയ റഹിം, പട്ടാളം രാമേട്ടന്‍റെ മകനും കൂട്ടുകാരനുമായ കൃഷ്ണനോട് തന്നെ ചോദിച്ച് പട്ടിയുടെ ഫേവറൈറ്റ് ഫുഡ്‌ കാരറ്റ്‌ ഹല്‍വ ആണെന്ന് മനസിലാക്കുകയും, ടിയാന്‍ നിയോഗിച്ച കാലന്മാര്‍ ഹല്‍വായില്‍ തുരിശ് കലക്കി പട്ടിയെകൊണ്ട് തീറ്റിക്കുകയും, അങ്ങനെ പട്ടാളത്തിന്‍റെ പട്ടിയെ തട്ടി പെട്ടിയിലാക്കുകയും ചെയ്തു.

എനിവേസ്, ചത്തത്‌ പട്ടാളത്തിന്‍റെ പട്ടിയെങ്കില്‍ കൊന്നത് കൊന്നത് മറ്റാരുമല്ല എന്ന് മനസിലാക്കിയ പട്ടാളവും നാട്ടുകാരും ഹാജിയാരുടെ വീട്ടില്‍ ചെന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുകയും, ഹാജിയാര്‍ തേങ്ങ വിറ്റ കാശ് എടുത്തു അത് സെറ്റില്‍ ചെയുകയും, തുടര്‍ന്ന് മൂത്ത മകനെ വിളിച്ചു കുനിച്ചു നിര്‍ത്തി കടികൊണ്ടത്തിന്‍റെ അപ്പുറത്തെ സൈഡില്‍ ഠപ്പേ!! ഠപ്പേ!!! എന്ന് നാല് പൊട്ടീരും കൊടുത്ത് മേലില്‍ ഇത് ആവര്‍ത്തിക്കരുത്‌ എന്ന ലാസ്റ്റ് വാണിങ്ങും കൊടുത്ത് പറഞ്ഞുവിട്ടു.

ധനനഷ്ടം, മാനഹാനി, വേദന തുടങ്ങിയ കാര്യങ്ങള്‍ തന്‍റെ വാരഫലത്തില്‍ ഉണ്ടെന്നു റീകളക്റ്റ് ചെയ്ത റഹിം, പട്ടിയെ കൊന്ന സമയത്ത് തനിക്കാ ഐഡിയ പറഞ്ഞ് തന്നവനെ ആയിരുന്നു ആദ്യം കൊല്ലേണ്ടിയിരുന്നതെന്ന് ഓര്‍ത്ത്, ഒരു മാതിരി ഏതാണ്ട് കളഞ്ഞ അണ്ണാനെ പോലെ വീടിന്‍റെ ഉമ്മറത്ത്‌ ഇരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ല, ഇരുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇരുന്നു എന്ന രീതിയില്‍ തനിക്കും തറക്കും വേദനയെടുക്കാത്ത പൊസിഷനില്‍ കുത്തിയിരുന്നു……..

******************************************************************************

വാല്കക്ഷണം: ഇതിലെ കഥാപാത്രങ്ങള്‍ക്കോ, കഥയ്ക്കോ, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ഇനി ജനിക്കാന്‍ ഇരിക്കുന്നവരായിട്ടോ ഏതെങ്കിലും രീതിയില്‍ ബന്ധം ഉണ്ടെങ്കില്‍ അമ്മച്ചിയാണേ സത്യം എന്‍റെ കുഴപ്പം കൊണ്ടല്ല.

ഞങ്ങള്‍ക്കീ സംഭവം പറഞ്ഞ് തന്നത് ഇതിലെ നായകനായ സാക്ഷാല്‍ റഹിം തന്നെയാണ്.

  • About Me

    My photo
    ഒരു പാവം വീട്ടമ്മ (ചുമ്മാതാ)... കണവന്‍റെയും കുട്ടിയുടെയും കാര്യങ്ങള്‍ നോക്കിനടക്കുന്നു....
    Counter

    Followers

  • chintha.com